ഉരുൾപൊട്ടിയ മുണ്ടക്കെയിലെത്താൻ സാധിക്കാത്തത് ആശങ്കയേറ്റുന്നു: മരണം 110 ആയി;ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമല്ല
കൽപ്പറ്റ: ഉരുൾപൊട്ടിയ മുണ്ടക്കെയിലേക്കെത്താൻ രക്ഷാപ്രവർത്തകർക്കു പോലും സാധിക്കാത്തത് ആശങ്കയേറ്റുന്നു. നിരവധിയാളുകൾ ഇവിടെ കുടുങ്ങി കിടക്കുകയാണ്. മുണ്ക്കൈയിൽ നിന്നും ഒലിച്ചു വന്ന മൃതദേഹങ്ങളാണ് ഇപ്പോൾ ചൂരൽ മലയിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. ചൂരൽ മലയിൽ ഉരുൾപൊട്ടിയ ഭാഗത്തും മുണ്ടക്കൈയിൽ നിന്ന് മണ്ണും കല്ലും ഒഴുകിയെത്തിയ സ്ഥലത്തുമാണ് ഇപ്പോൽ രക്ഷാപ്രവർത്തനം നടക്കുന്നത്. സൈന്യം മുണ്ടക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ട്. റോഡും പാലവുമെല്ലാം ഒലിച്ചു പോയതിനാൽ അങ്ങോട്ട് എത്തിപ്പെടാൻ സാധിക്കാതെ നാട്ടുകാരും രക്ഷാപ്രവർത്തകരും പകച്ചു നിൽക്കുകയാണ്. അതിനിടെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ നിന്ന് 110 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. അമ്പതിലേറെ ആളുകളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ നിന്ന് ആളുകളുടെ നിലവിളി കേൾക്കുന്നതായി രക്ഷാപ്രവർത്തകർ പറയുന്നു. കോൺക്രീറ്റ് സ്ലാബുകൾ കട്ട് ചെയ്യാനുള്ള മെഷിൻ എത്തിച്ചാൽ മാത്രമേ ഇവരെ രക്ഷിക്കാനാവൂ. ചൂരൽ മലയിൽ നിന്ന് 20 കിലോമീറ്റർ താഴെയുള്ള പോത്തുകല്ലിൽ നിന്ന് 15 മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്.
പുലർച്ചെ രണ്ടു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. ഇവിടെ കനത്ത മഴ തുടരുകയാണ്.
ഉരുൾപൊട്ടലിൽ നിരവധി വീടുകൾ ഒലിച്ചുപോയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്.
മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരം വ്യക്തമല്ല.
താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കണം. ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Comments
Post a Comment