സമീർ കല്ലായി
കുമ്പളങ്ങ കൊണ്ട് അങ്ങ് ഉത്തരേന്ത്യയിലേക്ക് പാലം പണിത ഒരു ഗ്രാമമുണ്ട് മലപ്പുറത്ത്. വില്യം ലോഗ ന്റെ മലബാർ മാന്വലിൽ പോലും ഇടംപിടിച്ച കുമ്പളങ്ങ കോഡൂർ. മലയാള നാട്ടിലെ ഏക ഉർദു കരയും കോഡൂരിന് സ്വന്തം. കപ്പ കൃഷിയാണ് ആദ്യം കോഡൂരിന് പെരുമ നേടികൊടുത്തത്. പിന്നീട് ഉത്തരേന്ത്യക്കാരുടെ ആവശ്യാർത്ഥം കുമ്പളത്തിലേക്ക് മാറി. അവരോട് സംസാരിക്കാൻ പഠിച്ച് കുമ്പളങ്ങ നാട് അങ്ങിനെ ഉർദു നഗറായി.
എഴുപതുകളുടെ ആദ്യത്തിലാണ് കോഡൂർ ഗ്രാമം കുമ്പളങ്ങ കൃഷിയിലേക്ക് വഴിമാറുന്നത്. ആഗ്രയിലെ പ്രധാന മധുര പലഹാരമായ ആഗ്ര പേഡ നിർമ്മാണത്തിനായി നീളൻ കുർത്ത ധരിച്ചവർ കോഡൂരിലെത്തിയതോടെയാണ് തുടക്കം. ഏതാണ്ട് കാൽ നൂറ്റാണ്ടോളം കാലം ആ വ്യാപാര ബന്ധം നിലനിന്നു. നീളൻ അശോക് ലയലൻഡ് ലോറികൾ അക്കാലത്ത് കോഡൂരിൽ വരി നിന്നു. ഡബിൾ ഡക്കർ വണ്ടികളിൽ ഒറ്റ ട്രിപ്പിന് 20 ടൺ കുമ്പളങ്ങ വരെ അതിർത്തി കടന്നു. വള്ളിക്കാടൻ അലവി, തോട്ടുങ്ങൽ മുഹമ്മദ്, അരീക്കാട്ട് കുഞ്ഞാലി, ഹംസ കോതറമ്പത്ത് മൂസ, കമ്മുക്കുട്ടി, പാലോളി മോയീൻ, പുൽപ്പാട്ടിൽ എനിക്കുട്ടി, മക്കളായ അഹമ്മദ്, മുസ, കോയ തുടങ്ങിയവരായിരുന്നു പ്രധാന കുമ്പളങ്ങ കൃഷിക്കാർ. ഇതിൽ ചിലർ ഇന്ന് ജീവിച്ചിരിപ്പില്ല. അക്കാലത്ത് നാലു മാസത്തെ കൃഷി കൊണ്ട് താൻ 23 സെൻറ് ഭൂമി അന്നത്തെ വലിയ വിലയായ 62000 രൂപ കൊടുത്ത് വാങ്ങിയെന്ന് കർഷകനായ വള്ളിക്കാടൻ അലവി പറഞ്ഞു. മത്തൻ, വെള്ളരി കൃഷികൾ ഉപേക്ഷിച്ചാണ് താൻ കുമ്പളം കൃഷിയിലേക്ക് മാറിയത്. നിറയെ പണം കിട്ടിയപ്പാൾ കൃഷിക്കാർക്കെല്ലാം പ്രിയം ഹിന്ദുസ്ഥാനിക്കാരോടായെന്നും അലവി പറയുന്നു. "ഇച്ചാത്രം ചക്കീം മാങ്ങീം മാത്രം പള്ളറച്ചാൻ ഇണ്ടാവ്ണ കാലം, കൈമെയ് മറന്ന് കജ്ജ്' തയമ്പാക്കീപ്പോ കായി എമ്പാടും കിട്ടി. മ്മള് നെജ്ജൂട്ടി ചോറെയ്ച്ചാനും തൊടങ്ങി '' അലവിക്കുട്ടി അക്കാലം ഓർത്തെടുക്കുന്നു. മനേ അനോട് പറേണിങ്കി ഒര് കൂലി ഇച്ച് മാത്രം തിന്നാൻ തന്നെ മാണം. പെരക്കാര്ക്ക് കഞ്ഞിന്റള്ളം. വറ്റിന് പൂതിച്ച കാല ണ്ടാര്ന്ന്. കുമ്പളങ്ങര്യാണ് മ്മളെ കഴ്ച്ചിലാക്കിയത് " അലവി പറഞ്ഞു നിർത്തി. വരിക്കോട് പാടശേഖരവും കിഴക്കേ പാടവും പഴിങ്ങാറെ പാടവും വെങ്ങാട്ടുകുറ്റിയുമൊക്കെ നിറയെ കുമ്പളങ്ങ നിറഞ്ഞ കാലം. 30 രൂപ കൂലിയുണ്ടായിരുന്ന കാലത്ത് അലവി അന്ന് മൂന്നാളുടെ പണി ഒറ്റക്കെടുക്കും. 100 രുപയുടെ പണി എടുക്കുമെന്നതിനാൽ മുതലാളിമാർക്കും സന്തോഷമായിരുന്നു. 90 രൂപ കൊടുത്താൽ മതി. കുമ്പളം കാശു തരാൻ തുടങ്ങിയതോടെ പുറം പണി നിർത്തി. നാലേക്കറിൽ വരെ ഒരേ സമയം കൃഷിയിറക്കിയിരുന്നു. അതും കൂട്ടിന് ഒരു സഹായി പോലുമില്ലാതെ ! ഇടക്ക് എല്ലാവരെയും പോലെ ഗൾഫിലേക്ക് കുടിയേറിയെങ്കിലും മാസം 600 റിയാലിൽ കൂടുതൽ നാട്ടിലെ മണ്ണ് തരുമെന്നുറപ്പുള്ളതിനാൽ നാല് മാസത്തിനകം തിരിച്ചെത്തി. ഉംറ വിസക്ക് പോയി പിന്നീട് മന:പൂർവ്വം സൗദി പോലീസിന് പിടുത്തം കൊടുക്കുകയായിരുന്നു. കോഡൂർ വരിക്കോട്ടെ വിശാലമായ ഷെഡുകളിൽ എത്തിച്ചായിരുന്നു കുമ്പളങ്ങ വിൽപ്പന. 15 കിലോ വരെയുള്ള കുമ്പളമുണ്ടായിരുന്നു. 2-3 രൂപയാണ് കിലോക്ക് ലഭിക്കുക. ഇടനിലക്കാർ വഴി ആഗ്രയിലെത്തി വിറ്റ ശേഷമാണ് കർഷകർക്ക് പണം ലഭിക്കുക. അതിനായി നാട്ടുക്കാരിലൊരാൾ വണ്ടിയിൽ കയറി ആഗ്രയിലേക്ക് പോകും. കുന്നശ്ശേരി ഹംസക്കായിരുന്നു ഇതിന് പലപ്പോഴും നിയോഗം.
കുമ്പളങ്ങ വാങ്ങാനെത്തിയവരുടെ മധുര സംഭാഷണം വെസ്റ്റ് കോഡൂരുകാരിൽ കൗതുകമുണർത്തി. വരിക്കോട് അക്കാലത്ത് പ്രവർത്തനമാരംഭിച്ച നാസർ ലൈബ്രറിയെ സമീപിച്ച് നാട്ടുക്കാർ ഉർദു പഠിക്കാനുള്ള താൽപര്യം അറിയിച്ചു. 1968ൽ മാത്രം സ്കൂൾ ആരംഭിച്ച പ്രദേശത്തെ ഭൂരിഭാഗം പേരും നിരക്ഷരരായിരുന്നു. ഇക്കൂട്ടത്തിലെ വയോജനങ്ങളടക്കമുള്ള വൻനിരയാണ് ഉർദു പഠിക്കാനെത്തിയത്. കഹ്കഷാൻ (ആ കാശഗംഗ) ഉറുദു ക്ലബാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. "കുമ്പളം ബഹുത്ത് അച്ചാഹേ ഇസ് സേ ബൻത്താഹേ ആഗ്ര പേഡ " എന്ന് 88 ക്കാരൻ രായിൻക്കുട്ടിക്ക പറയുമ്പോൾ തന്നെ ആ താൽപര്യം വ്യക്തമാണ്. ഭാഷാ പഠനം വിലപേശാൻ കർഷകർക്ക് ഏറെ സഹായമായി. 50 ഓളം സർക്കാർ ഭാഷാധ്യാപകർ വരെ അങ്ങിനെ ഒരു ഗ്രാമത്തിൽ പിറവിയെടുത്തു. മലപ്പുറം ഗവ.കോളജ് ഉർദു വിഭാഗം തലവനായിരുന്ന പി.കെ അബൂബക്കർ മുതൽ ഇളം തലമുറയിലെ കോട്ടൂർ ഹൈസ്കൂളിലെ പി മുഹമ്മദ് ഫൈറൂസ് വരെ അങ്ങിനെ തലമുറകളിലേക്ക് ഉർദു നഗർ കണ്ണി ചേർത്തു. വീടുകളുടെ പേരു പോലും ഉർദുവിലായി. ഗുലുസ്ഥാൻ, ആദാം, ആഷിയാന, നസീമൻ, ഗുൽസൻ വീടുകളുടെ ഉർദു പേര് എണ്ണിയാലൊടുങ്ങാത്തതാണ്. ഒട്ടേറെ കുട്ടികൾക്കും ഉർദു പേരുണ്ട്. ബീഗം, ബേഗ്, ഖാത്തൂൻ, ഖാൻ, മുംതാസ് എന്നിങ്ങനെ നീളുന്നുവത്. ആർ.സി ചൗധരി മലപ്പുറം കലക്ടറായെത്തിയപ്പാൾ ഗ്രാമത്തിൽ നടത്തിയ വികസന സെമിനാർ റിപ്പോർട്ട് ചെയ്ത മനോരമ ലേഖകൻ ജോയി ശാസ്താംപടിക്കലാണ് ആദ്യമായി ഉർദു നഗറെന്ന് വിളിച്ചത്. പിടിഐ ലേഖകനായിരുന്ന പി കെ കോഡൂർ ഇതുറപ്പിച്ചു നിർത്തി.ഉർദുനഗർ എന്ന പേരിൽ താൽക്കാലിക ബസ്സ് സ്റ്റോപ് നിർമിച്ചു. ഫാസ്റ്റ് പാസ്സഞ്ചറടക്കം എല്ലാ KSRTC ബസുകൾക്കും ഉർദുനഗറിൽ സ്റ്റോപ് അനുവദിച്ച് കിട്ടാൻ അന്നത്തെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലാം മാസറ്ററും ഹംസ സുഹാനയും പ്രവർത്തിച്ചു. മലപ്പുറം ഗവ. ഹൈസ്ക്കൂളിൽ അന്ന് മഹാ കവി സർവ്വർ ഉർദു അധ്യാപകനായെത്തിയതോടെ പലരുടെയും പ്രിയപ്പെട്ട രണ്ടാം ഭാഷ ഉർദുവായി. പിന്നീട് എസ് സി ഇ ആർ.ടി ഉർദു റിസർച്ച് ഓഫീസറായി വിരമിച്ച ഗ്രാമത്തിലെ എൻ. മൊയ്തീൻ കുട്ടി മാസ്റ്ററാണ് ഉർദു ജനപ്രിയമാക്കിയത്. വരിക്കോട് അദ്ദേഹം ആരംഭിച്ച സൗജന്യ ഉർദു സാക്ഷരതാ ക്ലാസിൽ കർഷകരടക്കം നൂറുകണക്കിന് പേർ പഠിതാക്കളായി. പ്രദേശത്തെ യു.പി സ്കൂൾ വിട്ട ശേഷം വൈകുന്നേരമായിരുന്നു പഠനം. ഉർദു അധ്യാപകരെ വാർത്തെടുക്കുന്നതിനായി അദ്ദേഹം മലപ്പുറത്ത് എലൈറ്റ് ഉർദു കോളജും സ്ഥാപിച്ചു.കേരളത്തിലങ്ങോളമിങ്ങോളം ഇന്ന് ഈ സ്ഥാപനത്തിൽ പഠിച്ച് അധ്യാപകരായവരുണ്ട്. ഒട്ടേറെ പേർക്ക് മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ഉന്നത ജോലിയിൽ പ്രവേശിക്കാനായി. കുമ്പളം വിൽക്കാൻ ഉർദു പഠിച്ചവർ അങ്ങിനെ ചരിത്രത്തിന്റെ ഭാഗവുമായി. കുമ്പള കൃഷി പിന്നീട് കോഡൂരിൽ വിത്തറ്റു. ഇല ചുരുളിപ്പും മഞ്ഞളിപ്പും നര രോഗവുമൊക്കെ കൃഷിയെ അന്യമാക്കി. ഭൂരിഭാഗം പേരും തൊഴിൽ തേടി ഗൾഫിലേക്ക് പറന്നു. അവശേഷിച്ചവർ മറ്റു ലാഭകരമായ കൃഷിയിലേക്ക് മാറി. കറിക്കുള്ള ഇളവൻ കൃഷി ഭാഗികമായി മാത്രം ചെയ്തു. അതോടെ കോഡൂരിലേക്ക് ആഗ്രയിൽ നിന്നുള്ളവരുടെ വരവും നിന്നു. എങ്കിലും ആഗ്രയിലെ പ്രായമായ പേഡ നിർമ്മാതാക്കളോട് ചോദിച്ചാൽ കോഡൂർ കുമ്പളമെന്നേ അവർ പറയൂ. ആഗ്ര സന്ദർശിക്കുമ്പോൾ ഇത് മനസ്സിലാകും. അനുഭവമാണിത്. കൃഷി നിന്നെങ്കിലും അര നൂറ്റാണ്ടായി ഒരു ഗ്രാമം ഉർദുവിനെ ചേർത്തു പിടിച്ചിരിക്കുകയാണ്. മധുരിക്കുന്ന ഭാഷ നൽകിയ സംസ്ക്കാരത്തെയും പ്രണയത്തെയും കൈവിടാതെ......
Comments
Post a Comment