കോഴിക്കോട്: വൻ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ സൈന്യമെത്തി ബെയ്‌ലി പാലം നിർമിച്ച് കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തിയ വാർത്തകൾ കേൾക്കാറില്ലേ. ഉരുൾപൊട്ടിയ മുണ്ടകൈയിലേക്കെത്താൻ ചൂരൽമലയിലെത്തിയ സൈന്യവും ആദ്യം ചെയ്തതും പുഴക്കു കുറുകെ ബെയ്‌ലി ബ്രിഡ്ജ് നിർമാണമായിരുന്നു. എന്താണ് ഈ ബെയ്‌ലി ബ്രിഡ്ജ്.
എളുപ്പത്തിൽ കൂട്ടിച്ചേർക്കാനും വേർപെടുത്താനും സാധിക്കുന്ന ഒരു തരം പോർട്ടബിൾ, പ്രീ ഫാബ്രിക്കേറ്റഡ് പാലമാണ് ബെയ്‌ലി ബ്രിഡ്ജ് എന്ന് അറിയപ്പെടുന്നത്. സൈനിക, സിവിലിയൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാലമാണിത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് എഞ്ചിനീയർ ഡൊണാൾഡ് ബെയ്‌ലിയാണ് ഇത്തരം താൽക്കാലിക പാലം കണ്ടുപിടിച്ചത്. ഇത് താൽക്കാലിക പാലങ്ങളോടെ നിർമിതിയിൽ വിപ്ലവകരമായ മാറ്റമാണ് കൊണ്ടു വന്നത്. ഏതുവലിപ്പത്തിലും വീതിയിലും എളുപ്പത്തിൽ കൂട്ടിയോജിപ്പിക്കാനാവും എന്നതാണ് ഇവയുടെ ഉപയോഗം യുദ്ധ, ദുരന്ത സാഹചര്യങ്ങളിൽ സഹായകമാകുന്നത്.
ബെയ്‌ലി പാലത്തിന് ഒത്തിരി സവിശേഷതകളുണ്ട്. ചതുരാകൃതിയിലുള്ള പാനലുകളും ട്രാൻസോമുകളും അഥവാ കട്ടളകളും സംയോജിപ്പിച്ച് വ്യത്യസ്ത നീളത്തിലും വീതിയിലും ഒരു പാലം രൂപപ്പെടുത്താൻ വേഗത്തിൽ കഴിയും.
ചുരുങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് സെറ്റാക്കുവാനും അഴിച്ചുമാറ്റുവാനും കഴിയും. സമചതുരാകൃതിയിലുള്ള ചെറിയ കഷ്ണങ്ങളായതിനാൽ സൈറ്റിൽ കൊണ്ടുപോകാനും കൂട്ടിച്ചേർക്കാനും എളുപ്പമാണ്.
ടാങ്കുകളും ട്രക്കുകളും ഉൾപ്പെടെയുള്ള കനത്ത ലോഡുകളെ താങ്ങാനുള്ള ശേഷി ഇരുമ്പു കൊണ്ടുള്ള ഇവയ്ക്കുണ്ട്.
യുദ്ധ വേളകളിൽ സൈനികർക്കും ഉപകരണങ്ങൾക്കും കടന്നുപോകാനും പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിനും ബെയ്‌ലി ബ്രിഡ്ജാണ് ഉപയോഗിക്കാറ് പാലങ്ങളുടെ നിർമ്മാണത്തിനും വൻകിട നിർമാണവേളയിലും അറ്റകുറ്റപ്പണികൾക്കും താൽക്കാലികമിയും ഇവനിർമിക്കാറുണ്ട്..
ദുർഘട വിദൂര ഗ്രാമീണ പ്രദേശങ്ങളിൽ ശാശ്വതമോ അർദ്ധ-സ്ഥിരമോ ആയ പാലമായും ഇവ സ്ഥാപിക്കാറുണ്ട്.
Comments
Post a Comment