ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊലപ്പെട്ടു: ആക്രമണം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വെച്ച്

ടെഹ്റാൻ: ഹമാസ് രാഷ്ട്രീയ തലവൻ ഇസ്മായിൽ ഹനിയയെ ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് കൊലപ്പെട്ടതായി ഇറാൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫലസ്തീൻ ചെറുത്ത് നിൽപ്പ് സംഘടനയായ ഹമാസിന്റെ ഏറ്റവും മുതിർന്ന നേതാവാണ് ഹനിയ. ഖത്തർ ആസ്ഥാനമായാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഗസയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയശേഷം ഹനിയ്യയുടെ മക്കളെ ഇസ്രായേൽ മിസൈൽ ആക്രമണത്തിലൂടെ വധിച്ചിരുന്നു.

ഹനിയയും അദ്ദേഹത്തിൻ്റെ ഒരു അംഗരക്ഷകനുമാണ് കൊല്ലപ്പെട്ടത്. ടെഹ്റാനിൽ  അവർ താമസിച്ചിരുന്ന കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (ഐആർജിസി) പ്രസ്താവന ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വാഴ്ച ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനാണ് ഹനിയ്യ ടെഹ്‌റാനിലെത്തിയതെന്ന് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.

Comments