മുണ്ടക്കൈയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനായില്ല: ദൗത്യം നാളെ രാവിലെ മുതൽ; കണ്ടെത്തിയ മൃതദേഹങ്ങൾ പുറത്തെത്തിച്ചു


കൽപ്പറ്റ:
ഉരുൾപൊട്ടിയ മുണ്ടക്കൈയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനായില്ല, ദൗത്യം നാളെ രാവിലെ മുതൽ തുടരും. മുണ്ടക്കൈയിൽ  ആദ്യഘട്ടത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പുറത്തെത്തിച്ചു. കുടുങ്ങിയവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു.

 മുണ്ടക്കെയിലേക്കെത്താൻ  രക്ഷാപ്രവർത്തകർക്കു പോലും സാധിക്കാത്തതാണ് ഇവാക്വേഷൻ ദുഷ്കരമാക്കുന്നത്. നിരവധിയാളുകൾ ഇവിടെ കുടുങ്ങി കിടക്കുകയാണ്. മുണ്ടക്കൈയിൽ നിന്നും ഒലിച്ചു വന്ന മൃതദേഹങ്ങൾ ചൂരൽ മലയിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ചൂരൽ മലയിൽ ഉരുൾപൊട്ടിയ ഭാഗത്തും മുണ്ടക്കൈയിൽ നിന്ന് മണ്ണും കല്ലും ഒഴുകിയെത്തിയ സ്ഥലത്തുമാണ് രാത്രി വരേ രക്ഷാപ്രവർത്തനം നടന്നത്. സൈന്യവും ദുരന്തനിവാരണ സേനയും മുണ്ടക്കയിലേക്ക് കടന്നിട്ടുണ്ട്. റോഡും പാലവുമെല്ലാം ഒലിച്ചു പോയതിനാൽ അങ്ങോട്ട് എത്തിപ്പെടാൻ സാധിക്കാതെ നാട്ടുകാരും രക്ഷാപ്രവർത്തകരും പകച്ചു നിൽക്കുകയാണ്. ഏതാനും സന്നദ്ധപ്രവർത്തകർ സാഹസികമായി പുറപ്പെട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.   മുണ്ടക്കൈ, ചൂരൽമല, പോത്തുകല്ല് എന്നിവിടങ്ങളില്‍ നിന്ന് 126 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. അമ്പതിലേറെ ആളുകളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ നിന്ന് ആളുകളുടെ നിലവിളി കേൾക്കുന്നതായി രക്ഷാപ്രവർത്തകർ പറയുന്നു. കോൺക്രീറ്റ് സ്ലാബുകൾ കട്ട് ചെയ്യാനുള്ള മെഷിൻ  എത്തിച്ചാൽ മാത്രമേ ഇവരെ രക്ഷിക്കാനാവൂ. ചൂരൽ മലയിൽ നിന്ന് 20 കിലോമീറ്റർ താഴെയുള്ള പോത്തുകല്ലിൽ നിന്ന് അമ്പതോളം മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്. 

 പുലർച്ചെ രണ്ടു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. ഇവിടെ കനത്ത മഴ തുടരുകയാണ്.

ഉരുൾപൊട്ടലിൽ നിരവധി വീടുകൾ ഒലിച്ചുപോയിട്ടുണ്ട്. മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച കൃത്യമായ വിവരം ഇപ്പോഴും വ്യക്തമല്ല.  

 താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കണം. ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Comments