തിരുവനന്തപുരം: തൃശ്ശൂരിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ കൈയ്യേറ്റ ശ്രമം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മര്യാദവിട്ട പെരുമാറ്റത്തെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിച്ചു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള കേന്ദ്ര മന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണ്. ലോകത്ത് എവിടെയും ഒരു പരിഷ്കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രഥാമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തിൽ പെരുമാറില്ല. എം പിയും മന്ത്രിയും ആവുന്നതിന് മുമ്പും തൃശ്ശൂരിൽ ഒരു മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയിരുന്നു.
ഇഷ്ടമല്ലാത്ത ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരെ കായികമായി നേരിട്ട് കളയാമെന്ന ചിന്തയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ നയിക്കുന്നതെന്ന് വേണം കരുതാൻ. തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയാൻ സുരേഷ് ഗോപി തയ്യാറാവണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
കെയു ഡബ്ലിയു ജെ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികരണം തേടാൻ എത്തിയ മാധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ കെ യു ഡബ്ല്യൂ ജെ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
കേരളത്തിൽ ഏറ്റവും ചർച്ചാവിഷയമായ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം തേടാനാണ് മാധ്യമപ്രവർത്തകർ എത്തിയത്. കേന്ദ്രമന്ത്രി എന്ന നിലയിൽ മാത്രമല്ല സിനിമാ നടൻ എന്ന നിലയിലും പ്രതികരണം നൽകാൻ സുരേഷ് ഗോപി ബാധ്യസ്ഥനാണ് എന്ന വിശ്വാസത്തോടെയാണ് മാധ്യമപ്രവർത്തകർ സമീപിച്ചത്.
എന്നാൽ ആദ്യതവണ അപമര്യാദയോടെ പെരുമാറിയ സുരേഷ് ഗോപി പിന്നീട് മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം ചെയ്യാനാണ് ശ്രമിച്ചത്.
ജനാധിപത്യ രാജ്യത്ത് ജന പ്രതിനിധിയോട്, പ്രത്യേകിച്ചും കേന്ദ്രമന്ത്രി സ്ഥാനം വഹിക്കുന്ന വ്യക്തിയോട് സമകാലിക വിഷയങ്ങളിൽ പ്രതികരണം ആരാഞ്ഞു റിപ്പോർട്ട് ചെയ്യാനുള്ള അവകാശം മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും ഉണ്ട്.
ഇതിനെതിരെ ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയിൽ നിന്ന് ഉണ്ടായത്.
കേന്ദ്രമന്ത്രിയും സിനിമ നടനുമായ സുരേഷ് ഗോപിയുടെ പെരുമാറ്റത്തിൽ കെ യു ഡബ്ല്യുജെ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
Comments
Post a Comment