സഞ്ചാരികളെ മാടിവിളിച്ച് നാടുകാണി ജീന്‍ പൂള്‍ ഗാര്‍ഡന്‍

നാടുകാണി ജീന്‍ പൂള്‍ ഗാര്‍ഡന്‍

 ഴിക്കടവ് നാടുകാണി ചുരത്തിന്റെ മുകളില്‍ വനത്തിനകത്ത് അധികമാരുമറിയാത്ത ഒരു വിനോദ സഞ്ചാര കേന്ദ്രമുണ്ട്. ശുദ്ധമായ പ്രകൃതിയും അനന്യമായ ആവാസ വ്യവസ്ഥയുംകൊണ്ട് സമ്പന്നമായ ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രം. കാട്ടാനകളും കാട്ടാടുകളും കടുവകളും കാട്ടുപോത്തും പുലിയും പുള്ളിമാനും മയിലും മലയണ്ണാനും വെട്ടുകിളിയും മേഴാമ്പലും മേഞ്ഞ് നടക്കുന്ന കന്യാവനങ്ങളുടെ ചാരത്ത് ശുദ്ധപ്രകൃതിയുടെ കലവറയായി സഞ്ചാരികളെ മാടിവിളിക്കുകയാണ് നാടുകാണി ജീന്‍ പൂള്‍ ഗാര്‍ഡന്‍. വഴിക്കടവില്‍ നിന്ന് നാടുകാണി ചുരത്തിന്റെ വശ്യ മനോഹാരിത നുകര്‍ന്ന മുകളിലെത്തിയാല്‍ നാടുകാണി ഫോറസ്റ്റ്- പോലിസ് ചെക്ക് പോസ്റ്റിന്റെ തൊട്ടു മുമ്പിലാണ് ഇക്കോ ഫ്രണ്ട്‌ലി ടൂറിസം സ്‌പോട്ടായ ജീന്‍ പൂള്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. നീലഗിരിയിലേക്കെത്തുന്ന സഞ്ചാരികളില്‍ അധികപേര്‍ക്കും ഇങ്ങനെയൊരു ഇടത്തെ കുറിച്ച് അറിയില്ല. വയനാട് താമരശ്ശേരി ചുരം വഴി വരന്നവര്‍ക്ക് പന്തല്ലൂര്‍ ദേവാല റൂട്ടിലൂടെ നാടുകാണിജങ്ഷനിലെത്തുമ്പോള്‍ വഴിക്കടവ് റോഡിലേക്ക വണ്ടി തിരിച്ച് 20 മീറ്റര്‍ നീങ്ങിയാല്‍ ജീന്‍ പൂള്‍ ഗാര്‍ഡന്റെ പ്രവേശന കവാടമായി. പ്രകൃതി കാണാനും ട്രക്കിങ്ങിനും താമസിക്കാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. 

 തമിഴ്നാട് നീലഗിരി ജില്ലയിലെ ഊട്ടിയില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെ ഗൂഡല്ലൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ നാടുകാണിയില്‍ 1989-ല്‍ ഹില്‍ ഏരിയ ഡെവലപ്മെന്റ് പ്രോഗ്രാമിന് കീഴില്‍ സ്ഥാപിതമായതാണ് ഈ ജീന്‍ പൂള്‍ ഗാര്‍ഡന്‍. ലോകത്തിലെ 25 ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകളില്‍ ഒന്നായ പശ്ചിമഘട്ടത്തില്‍ നീലഗിരിജില്ലയില്‍ പെട്ട നാടുകാണി പ്രകൃതി സൗന്ദര്യം കൊണ്ടും പ്രകൃതി ദത്തവനങ്ങള്‍ തേയിലത്തോട്ടങ്ങള്‍ എന്നിവകൊണ്ടും സമ്പന്നമാണെന്നറിയാമല്ലോ. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന സമ്പന്നമായ സസ്യജന്തുജാലങ്ങളുടെ ഒരു കലവറകൂടിയാണ് നാടുകാണി. ഈ നാടുകാണിയിലാണ് ജീന്‍ പൂള്‍ ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത് എന്നതാണ് പ്രത്യേകത. നീലഗിരി ജില്ലയിലെ പ്രധാന ഹില്‍ സ്റ്റേഷനായ ഗൂഡല്ലൂരില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാടുകാണി വനത്തില്‍ 242 ഹെക്ടറിലാണ് ജീന്‍ പൂള്‍ സജ്ജീകരിച്ചിരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരുവിനോട് തൊട്ടു കിടക്കുന്നപുല്‍ മേടുകളും ചോലവനങ്ങളും നിത്യഹരിത വനങ്ങളും ഇലപൊഴിയും കാടുകളുമെല്ലാം ചേര്‍ന്നതാണ് ജീന്‍ പൂള്‍. ഏറ്റഴുമധികം മഴലഭിക്കുന്ന പ്രദേശമായ ഇവിടുത്തെ ജൈവവൈവിധ്യം പ്രസിദ്ധമാണ്. തെക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ മണ്‍സൂണുകളില്‍ നിന്ന് ഇവിടെ ലഭിക്കുന്ന ശരാശരി വാര്‍ഷിക വര്‍ഷപാതം ഏകദേശം 2,860 മില്ലിമീറ്ററാണ്. പശിമരാശിയുള്ള പരുക്കന്‍  മണ്ണിനൊപ്പം ഇവിടെ നിലനില്‍ക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥയും ഉഷ്ണമേഖലാ മഴക്കാടുകളുടെ സാനിദ്ധ്യവുമാണ് ഈ പ്രദേശത്തെ ജൈവവൈവിധ്യ സമ്പന്നമാക്കുന്നത്. കോടമഞ്ഞ് പുതച്ച കുളിരുളള നനുത്ത കാലാവസ്ഥയാണ് ഇവിടം. 

കന്യാവനങ്ങളും പ്രകൃതിദത്തവനങ്ങളും ജന്തുജാലങ്ങളും ധാരാളമായി നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇത്.എന്നാല്‍ ഇപ്പോള്‍, ഇതരപ്രദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റവും രൂക്ഷമായ വനം കയ്യേറ്റവും പ്രകൃതി ചൂഷണവും മൂലം വന്യ ജീവികളുടെ ആവാസവ്യവസ്ഥയും കാടുകളുടെ നിലനില്‍പ്പും അപകടത്തിലായ സാഹചര്യമാണ്.

യഥാര്‍ഥത്തില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കണ്ട് വരുന്ന പല സസ്യ ജന്തു ജാലങ്ങളും ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ചിലതെല്ലാം വംശനാശം നേരിട്ടതായി പഠനങ്ങള്‍ പറയുന്നു. പ്രകൃതിയും ആവാസവ്യവസ്ഥയും അപകടത്തിലായ സാഹചര്യത്തില്‍ അവയുടെ സംരക്ഷണത്തിനായി സസ്യസംരക്ഷണ കേന്ദ്രം സ്ഥാപിക്കണമെന്ന നിരന്തരമായ മുറവിളിക്കൊടുവിലാണ് ജീന്‍ പൂള്‍ സ്ഥാപിക്കപ്പെട്ടത്.

ലഭ്യമായ പ്രാദേശിക സസ്യജാലങ്ങളുടെ സംരക്ഷണം, അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതും സസ്യജാലങ്ങളുടെ വിത്ത് സംരക്ഷണം, വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങളുടെ കൃഷിയുംവീണ്ടെടുക്കലും, അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സസ്യജാലങ്ങളുടെ പ്രചാരണം, പഠനം, ഗവേഷണം, ബോധവല്‍ക്കരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജീന്‍പൂള്‍ ഗാര്‍ഡന്‍ ഉണ്ടാക്കിയത്. പശ്ചിമ, പൂര്‍വ്വ ഘട്ടങ്ങളില്‍ നിന്ന് ശേഖരിച്ച ഏകദേശം 1,500 ഇനം സസ്യങ്ങള്‍ ഇവിടെ സംരക്ഷിച്ചു വളര്‍ത്തുന്നുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച സസ്യ ഇനങ്ങളെ വിവിധ സോണുകളിലായി നട്ട് സംരക്ഷിച്ചു വരുകയാണ്. താലോഫൈറ്റുകള്‍, ഹൈഡ്രോഫൈറ്റുകള്‍, ഓര്‍ക്കിഡുകള്‍, ചെറുകിട വന ഉല്‍പന്നങ്ങള്‍, ഔഷധ സസ്യങ്ങള്‍, ഫേണുകള്‍, മുള, പുല്ല്, ചൂരല്‍, ഞാങ്ങണകള്‍, തടി ഇനങ്ങള്‍, ഈന്തപ്പനകള്‍, ചോല ഇനങ്ങള്‍, സീറോഫൈറ്റുകള്‍, മെസോഫൈറ്റുകള്‍ എന്നിവയാണ് ഇവയിലെ പ്രധാന ഇനങ്ങള്‍. 1989 സ്ഥാപിതമായെങ്കിലും ഫണ്ടിന്റെ ദൗര്‍ലഭ്യം കാരണം കേന്ദ്രം ശരിയായി കൈകാര്യം ചെയ്യാന്‍ കഴിയാതെവരുകയും അവഗണിക്കപ്പെടുകയും ചെയ്തു. ഒടുവില്‍ ഏകദേശം രണ്ടു പതിറ്റണ്ടിന് ശേഷം ഈ കേന്ദ്രം ഒരു ഇക്കോ ടൂറിസം സ്‌പോട്ടായി വികസിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

 കേരളത്തില്‍ നിന്ന വഴിക്കടവ് വയനാട് ചുറം റോഡുകള്‍വഴി ഊട്ടിയിലേക്കും മൈസൂരിലേക്കുമുള്ള വിനോദ സഞ്ചാരികള്‍ നാടുകാണി വഴിയാണ് സഞ്ചരിക്കാറ്. ഗൂഡല്ലൂര്‍ മേഖലയെ ചുറ്റിപ്പറ്റിയുള്ള ടൂറിസം വികസനത്തിന് ഇത് ആക്കം കൂട്ടിയിട്ടുമുണ്ട്. ഈ സാധ്യതയെ ഉപയോഗപ്പെടുത്തി ജീന്‍ പൂളിന്റെ സംരക്ഷണത്തിനുള്ള വരുമാനം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജീന്‍ പൂള്‍ ഇക്കോ ടൂറിസം പെയിന്റാക്കിയത്.  പശ്ചിമ ഘട്ടത്തിലെ മലനിരകളുടെയും പുല്‍മേടുകളുടെയും വിശാലദൃശ്യം കാണാനും കടുവ, ആന, മാന്‍, പുള്ളിപ്പുലി എന്നിവയെ നിരീക്ഷിക്കാനും ജീന്‍ പൂളിലെത്തുന്നവര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.

ജീന്‍ പൂളില്‍ സ്ഥാപിച്ച രണ്ട് വാച്ച് ടവറുകളില്‍ കയറി നിന്നാല്‍ ചുറ്റുപാടുമുള്ള കുന്നുകളുടെയും താഴ്വരകളുടെയും വിശാലമായ ദൃശ്യം കാണാനാകും. വിശാലമയ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന സുരക്ഷിതമായ ഇടങ്ങളിലാണ് രണ്ട് വ്യൂ പോയിന്റുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഫേണ്‍ ഗാര്‍ഡന്‍, ഓര്‍ക്കിഡ് സോണ്‍, മെഡിസിനല്‍ പ്ലാന്റ് സോണ്‍, അക്വാറിയം, ചെറിയം ഫോറസ്റ്റ് മ്യൂസിയം, ഇന്റര്‍പ്രെറ്റേഷന്‍ സെന്റര്‍ എന്നിവയും സഞ്ചാരികള്‍ക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. നീലഗിരിയുടെ പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ആശയത്തോടെ വിനോദസഞ്ചാരികള്‍ക്ക് ട്രക്കിംഗ്, സൈക്ലിംഗ്, പ്രകൃതി സഹവാസ ക്യാംപിങ് മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജീന്‍ പൂള്‍ ഗാര്‍ഡനിലുള്ള നാലുകോട്ടേജുകളില്‍ മൂന്നെണ്ണം വിനോദ സഞ്ചാരികള്‍ക്ക് താമസത്തിന് വേണ്ടി നല്‍കുന്നതാണ്.രണ്ടായിരത്തിനും അയ്യായിരത്തിനും ഇടയിലാണ് ഇവയുടെ വാടക. ആവശ്യപ്പെടുന്നവര്‍ക്ക് ഭക്ഷണവും ഇവിടേക്ക് എത്തിച്ചു കൊടുക്കും. സഞ്ചാരികളില്‍ നിന്ന് 30 രൂപയാണ് പ്രവേശന ഫീസായി ഈടാക്കുന്നത്. 70 രൂപ നല്‍കിയാല്‍ ജീന്‍ പൂള്‍ ഗാര്‍ഡന് അകത്തേക്ക് വാഹനം കൊണ്ടു പോകാം. കോട്ടേജുകള്‍ ഉള്ള ഭാഗത്ത് ആനകള്‍ അടക്കമുള്ള വന്യ ജീവികള്‍ പ്രവേശിക്കാതിരിക്കാന്‍ ഫെന്‍സിങും കിടങ്ങുകളുമെല്ലാം തയ്യാറാക്കിയിട്ടുണ്ട്. വൈകിട്ട് ആറ്മണഇവരേ മാത്രമേ ഇങ്ങോട്ട് പ്രവേശനമുള്ളു. ചുറ്റിലും വന്യ ജീവികള്‍ മേഞ്ഞ് നടക്കുന്ന കാട്ടിനത്ത് രാത്രി തങ്ങാനും ആനയുടെ ചിന്നംവിളികേട്ടും കടുവയുടെ ഗര്‍ജ്ജനവും രാപാടിയുടെ പാട്ടും വേഴാമ്പലിന്റെ തേങ്ങലുമെല്ലാംകേട്ട് മൂടിപ്പുതച്ച് അരണ്ട നിലാവെളിച്ചത്തില്‍ പ്രകൃതിയെ നോക്കിക്കണ്ട് ഒരു രാത്രി കിടന്നുറങ്ങാന്‍ കൊതി തോന്നുന്നുവെങ്കില്‍ നാടുകാണി ജീന്‍ പൂളിലേക്ക് വരുക. പ്രകൃതിയും സ്വച്ഛന്തമായ ആവാസവ്യവസ്ഥയും നിങ്ങളെ കാത്തിരിക്കുന്നു.

Comments