സമീർ കല്ലായി
വിട്ടൊഴിയാത്ത വിവാദങ്ങളിൽ ആടിയുലയുകയാണ് താര സംഘടന.നടൻ തിലകനെ പുറത്താക്കിയതു മുതൽ അതിജീവിതമാരുടെ പോരാട്ടം വരെ എത്തി നിൽക്കുന്നു മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രതിസന്ധിയുടെ ചരിത്രം. നാണം കെട്ട് ഭാരവാഹികളെല്ലാം രാജിവച്ചൊഴിയുമ്പോൾ മൂന്ന് പതിറ്റാണ്ടിനു ശേഷം പവർ ബ്രോക്കർമാരിൽ നിന്നും സംഘടന മോചിതമാവുമോ എന്നാണ് ആസ്വാദകരും ഇരകളും ഉറ്റുനോക്കുന്നത്. 1994 ലാണ് 'അമ്മ' (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് AMMA) രൂപീകൃതമാവുന്നത്. തുടക്കത്തിൽ ഏറെ പേരെടുത്തെങ്കിലും പിന്നീട് വിവാദങ്ങൾ അമ്മയിലേക്ക് ഇരച്ചുകയറി. നടൻ തിലകന്റെ വിഷയവുമായി ബന്ധപ്പെട്ട് 2010 ഫെബ്രുവരിയിലാണ് അമ്മയിലെ ആദ്യ വിവാദം. അമ്മ ഭാരവാഹികൾ ഗുഢാലോചന നടത്തി തനിക്ക് തൊഴിൽ നിഷേധിക്കുന്നുവെന്നായിരുന്നു തിലകന്റെ പരാതി. ഇതുസംബന്ധിച്ച് അമ്മ ഒന്നിലധികം സിറ്റിംഗുകൾ വച്ചെങ്കിലും പങ്കെടുക്കാത്തതിനെ തുടർന്ന് തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കി. അമ്മയിലെ പവർ ബ്രേക്കർമാർ മലയാള സിനിമാ മേഖലയെ അവരുടെ ഇഷ്ട്ടത്തിനനുസരിച്ച് ദുരുപയോഗം ചെയ്യുന്നുവെനായിരുന്നു തിലകന്റെ ആരോപണം. ആ മഹാ നടന്റെ ശാപം ഏറ്റപോലെയാണ് ഒടുവിൽ ഭാരവാഹികളുടെ ഒന്നടങ്കമുള്ള രാജിയിൽ എത്തി നിൽക്കുന്നത്. മരണാനന്തരം അച്ഛനെ തിരിച്ചെടുക്കണമെന്ന് മകൻ ഷമ്മി തിലകൻ അമ്മയിൽ ആവശ്യപ്പെട്ടിരുന്നു. പുതിയ വിവാദം ഉണ്ടായപ്പോഴും തിലകന്റെ ഫോട്ടോ പങ്കിട്ട് ഷമ്മി തിലകൻ അമ്മക്കെതിരെ രംഗത്തു വന്നതും ചർച്ചയായി.
2017 മാർച്ചിൽ സംവിധായകൻ വിനയൻ്റെ പരാതിയിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അമ്മക്ക് പിഴ ചുമത്തിയിരുന്നു. തൊഴിൽ നിഷേധിക്കുന്നുവെന്നും ഫെഫ്കയുമായി ചേർന്ന് തിയേറ്ററുകളിൽ നിന്ന് തന്റെ സിനിമകൾ പിൻവലിപ്പിക്കുന്നുവെന്നുമായിരുന്നു വിനയന്റെ ആരോപണങ്ങൾ. ശേഷം 2017ലായിരുന്നു അമ്മയെയാകെ പിടിച്ചു കുലുക്കിയ വിവാദം കടന്നു വരുന്നത്. യുവനടി അക്രമിക്കപ്പെട്ട കേസിൽ സംഘടന അതിജീവിതക്കൊപ്പം നിന്നില്ലെന്ന ആരോപണത്തിൽ സംഘടന വല്ലാതെ ആടിയുലഞ്ഞു. പ്രിഥീരാജ് അടക്കമുള്ള യുവ നടൻമാർ അന്ന് അമ്മക്കെതിരെ രംഗത്ത് വന്നു. ശബ്ദമുയർത്തിയവരെയെല്ലാം വെട്ടി നിരത്തുനുവെന്ന ആരോപണവും ഇക്കാലത്ത് ഉയർന്നു. തുടർന്ന് അക്കാലത്തെ മുൻനിര നടിമാരുടെ നേതൃത്വത്തിൽ വിമൺ ഇൻ സിനിമാ കലക്ടീവ് ( WCC ) എന്ന വനിതാ താരങ്ങളോടെ സമ്മർദ ഗ്രൂപ് രൂപീകൃതമായി. വിവാദത്തിനൊടുവിൽ ഗത്യന്തരമില്ലാതെ നടൻ ദിലീപിനെ അമ്മയിൽ നിന്നും പേരിന് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു.
വിമർശനം ശക്തമായപ്പോൾ 2021 ൽ അമ്മ ജനറൽ ബോഡി യോഗം നടിമാരുടെ പരാതികൾ പരിശോധിക്കാൻ ആന്തരിക പരാതി കമ്മറ്റി രൂപീകരി ച്ചു. ഇത് കേവലം പ്രഹസനമാണെന്ന് അന്നേ വിമർശനമുയർന്നിരുന്നു. ഇപ്പോൾ 2024 ഓഗസ്റ്റ് 27 ന് പുറത്തായ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടാണ് സംഘടനയുടെ അടിത്തറ മാന്തിയിരിക്കുന്നത്. ലൈഗിംക പീഡനങ്ങൾ അടക്കം തുറന്നു കാട്ടിയ റിപ്പോർട്ട് സിനിമാ മേഖലയിലെ അരാജകത്വങ്ങളെയും കൂത്താട്ടങ്ങളെയുമാണ് തുറന്നു കിട്ടിയത്. റിപ്പോർട്ട് ചർച്ചയായതിനു പിന്നാലെ അമ്മ സെക്രട്ടറി സിദീഖ് തന്നെ ബലാത്സംഗത്തിനിരയാക്കിയെന്ന് കാട്ടി യുവ നടി രംഗത്തെത്തിയതോടെ സിനിമാ രംഗത്തെ അതികായ സംഘടന മൂക്കു കുത്തി വീണു. സിദ്ദീഖിന്റെ രാജിക്ക് പിന്നാലെ സെക്രട്ടറിയുടെ ചുമതല നൽകിയ നടൻ ബാബുരാജും ബലാസംഗ ആരോപണത്തിൽപ്പെട്ടതോടെ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള 17 അംഗ എക്സിക്യൂട്ടീവിനും രാജിവച്ചൊഴിയേണ്ടി വന്നു. ഓരോ ദിവസം കഴിയുന്തോറും ആരോപണങ്ങൾ ഓരോന്നോരോന്നായി പുറത്തു വരുമ്പോൾ ഇനിയും ഒരുപാട് തലകൾ ഉരുളാനിരിക്കുന്നുവെന്ന് വേണം കരുതാൻ. നടിമാരായ രേവതി സമ്പത്ത്, റെനോ മുനീർ തുടങ്ങിയവരുടെ വെളിപ്പെടുത്തലുകൾ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ എന്നിവരിലേക്കും നീണ്ടിരിക്കുകയാണ്. ഹേമ കമ്മീഷൻ റിപ്പോർട്ട് ചൂണ്ടി കാണിച്ചതു പോലെ കാലം കരുതിവെച്ച അനിവാര്യ പതനം. രണ്ടു മാസങ്ങൾക്കകം അമ്മക്ക് പുതിയ ഭാരവാഹികൾ വരുമെങ്കിലും ഈ ആഘാതത്തിൽ നിന്നും സംഘടന എത്രത്തോളം കര കയറുമെന്ന് കണ്ടറിയുക തന്നെ വേണം. താര സംഘടന വിശുദ്ധ പശുക്കളുടെ കൂട്ടമല്ല എന്ന് ജനത്തിന് അറിയാമെങ്കിലും അഡ്ജസ്റ്റ്മെന്റെന്നും സഹകരണമെന്നും പേരിട്ട് നടത്തുന്ന ലൈംഗിക പീഡനങ്ങളുടെ പാതാളമാണ് അതെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്.
Comments
Post a Comment