ഇസ്മാഈല്‍ ഹനിയ്യയുടെ ഭൗതിക ശരീരം ഖത്തറിൽ ഖബറടക്കി: ഇറാനിലും ഖത്തറിലും ഔദ്യോഗിക ആദരം

ദോഹ: ഇറാനില്‍ വെച്ച് കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈല്‍ ഹനിയ്യയുടെ ഭൗതിക ശരീരം  ഖത്തറിലെത്തിച്ച് ഖബറടക്കി.

സുപ്രധാന വ്യക്തിത്വങ്ങൾക്ക് നൽകുന്ന ഔദ്യോഗിക അന്ത്യോപചാരം നൽകിയാണ് ഖത്തർ ഇസ്മായിൽ ഹനിയ്യക്ക് വിടചൊല്ലയത്. ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ദോഹയിലെ മുഹമ്മദ് ബിന്‍ അഹബ്ദുല്‍ വഹാബ് മസ്ജിദില്‍ വെച്ചായിരുന്നു മയ്യിത്ത് നമസ്‌കാരം. തുടര്‍ന്ന് ലുസൈലിലെ റോയല്‍ ഖബറിസ്ഥാനില്‍  ഖബറടക്കം നടന്നു. ഖബറടക്ക ചടങ്ങിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു. പ്രമുഖ രാഷ്ട്ര നേതാക്കളും ഖത്തര്‍ രാജകുടുംബത്തിലെ അംഗങ്ങളും പങ്കെടുത്ത ദഫൻ കർമത്തിൽ ഹനിയ്യയുടെ കുടുംബാംഗങ്ങള്‍ക്കു മാത്രമാണ്  പ്രവേശനമുണ്ടായിരുന്നത്. ഹനിയ്യയുടെ കൂടെ കൊല്ലപ്പെട്ട അംഗരക്ഷകന്റെ ഖബറടക്കവും ഒരുമിച്ചാണ് നടന്നത്. സ്വദേശികളും ഫലസ്തീനികളടക്കമുള്ള വിദേശികളും അടക്കം പതിനായിരങ്ങൾ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു.  രാഷ്ട്രനേതാക്കളും നയതന്ത്രജ്ഞരും  പങ്കെടുത്ത ചടങ്ങിൽ വിവിധ ഫലസ്തീന്‍ വിഭാഗങ്ങളായ ഫതഹ്, ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നിവയുടെ നേതാക്കളും പ്രധാന ഫലസ്തീന്‍ പ്രവാസികളും എത്തിയിരുന്നു. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ വിദാന്‍ ഹമാസ് രാഷ്ട്രീയകാര്യ സഹമേധാവി ഖാലിദ് മിഷ്അലുമായി ഖത്തറില്‍ കൂടിക്കാഴ്ച നടത്തി.


 വെള്ളിയാ്ച ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. വ്യാഴാഴ്ച ടെഹ്റാനിൽ ആയത്തുള്ള ഖാംനഇയുടെ നേതൃത്വത്തിൽ ജനാസ നമസ്കാരം നടന്ന ശേഷം വെള്ളിയാഴ്ച രാവിലെയാണ് ഇറാനില്‍ നിന്നും ഭൗതിക ശരീരം ഖത്തറിലെത്തിച്ചത്. മയ്യിത്തിന്റെ കൂടെ മകനും മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഹനിയ്യക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരങ്ങളും അനുസ്മരണ സംഗമങ്ങളും നടന്നു. ഇറാന്‍, തുര്‍ക്കി, മൊറോക്കോ, തുനീഷ്യ, പാകിസ്താന്‍, ഖത്തര്‍, ഇന്ത്യ, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ മയ്യിത്ത് നമസ്‌കാരങ്ങളും അനുസ്മരണ-പ്രതിഷേധ സംഗമങ്ങളും നടന്നു.  ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെയും നയതന്ത്രത്തിന്റെയും സുപ്രധാന മുഖവുമായിരുന്ന ഇസ്മായിൽ ഹനിയ്യ. 

ബുധനാഴ്ച പുലര്‍ച്ചെയാണ് തെഹ്‌റാനിലെ വസതിയില്‍ വെച്ച് ഇസ്രായേല്‍ ബോംബിങ്ങില്‍ ഹനിയ്യ കൊല്ലപ്പെടുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച റിമോട്ട് കണ്‍ട്രോളര്‍ ബോംബ് ഉപയോഗിച്ചാണ് ഹനിയ്യയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാൻ പ്രസിഡന്റ് മസൂദ് പെസക് ഷിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്റാനിൽ എത്തിയതായിരുന്നു ഹനിയ്യ.

 ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലെ തെരുവ് വീഥികളിലൂടെ നടത്തിയ വിലാപയാത്രയില്‍ വികാരനിര്‍ഭരമായാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് ജനങ്ങള്‍ വിട നല്‍കിയത്. പ്രത്യേകം അലങ്കരിച്ച വാഹനത്തിലാണ് മയ്യിത്ത് വഹിച്ചുള്ള വിലാപയാത്ര നടന്നത്. 

ആക്രമണത്തില്‍ ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. സെപ്തംബറിലെ തൂഫാനോൽ അഖ്സയെ തുടർന്ന് ഹനിയ്യയെ വധിക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു.  62കാരനായ ഹനിയ്യ ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ഹമാസിന്റെ പ്രധാന നേതാക്കളില്‍ ഒന്നാമനുമായിരുന്നു.  ഹനിയ്യക്കെതിരെ നിരവധി വധശ്രമങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നു.  തൂഫാനുൽ അഖ്സക്കു ശേഷം 10 മാസത്തിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹനിയ്യയുടെ  രണ്ട് മക്കളും മൂന്ന് പരക്കുട്ടികളും ഒരു പെങ്ങളും ഉൾപെടെ കുടുംബത്തിലെ 12 അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. വിവിതരാജ്യങ്ങൾ ഭീകരസംഘടനയായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു ലോകം നേതാവിന് ലഭിക്കാവുന്ന ആദരവുകൾ രണ്ടു രാജ്യങ്ങളിൽ നിന്ന് ഏറ്റുവാങ്ങിയാണ് ഇസ്മായിൽ ഹനിയ്യയുടെ രക്തസാക്ഷിത്വം എന്ന സ്വയം ആഗ്രഹിച്ച മടക്കം.പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ നയതന്ത്ര പരിഹാരം എന്ന അധ്യായത്തിന് താൽക്കാലിക വിരാമമായാണ് ഹനിയ്യയുടെ കൊല വിലയിരുത്തപ്പെടുന്നത്.

Comments